Friday, February 23, 2018 Last Updated 0 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 07.46 AM

മാണിയുള്ള മുന്നണിയില്‍ ഞങ്ങളുണ്ടാകില്ല: എല്‍.ഡി.എഫില്‍ എടുത്താല്‍ സി.പി.ഐ. മുന്നണി വിടുമെന്നു കാനം

uploads/news/2018/02/192473/kanam.jpg

കറുകച്ചാല്‍ (കോട്ടയം): കേരളാ കോണ്‍ഗ്രസി(എം)നെ എല്‍.ഡി.എഫില്‍ എടുത്താല്‍ സി.പി.ഐ. മുന്നണി വിടുമെന്ന ശക്തമായ താക്കീതുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളാ കോണ്‍ഗ്രസു(എം)ള്ള മുന്നണിയില്‍ സി.പി.ഐ. ഉണ്ടാകില്ലെന്നും ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ മുന്നണിക്കു മധ്യസ്ഥപ്രാര്‍ഥനക്കാരുടെ ആവശ്യമില്ലെന്നും കാനം തുറന്നടിച്ചു. പാര്‍ട്ടി ജില്ലാസമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെ.എം. മാണിയെ കൂടെക്കൂട്ടുന്നത് എല്‍.ഡി.എഫിനു നഷ്ടമുണ്ടാക്കും. അഴിമതിക്കെതിരായ നിലപാടുകള്‍ ദുര്‍ബലമാകാന്‍ അതു കാരണമാകും. ന്യൂനപക്ഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ എല്‍.ഡി.എഫിനു മധ്യസ്ഥപ്രാര്‍ഥനക്കാരുടെ ആവശ്യമില്ല. പറയാനുള്ളതു പറഞ്ഞു ഇനി അവര്‍ തീരുമാനിക്കട്ടെ- സി.പി.എമ്മിനെ സൂചിപ്പിച്ച് കാനം പറഞ്ഞു.

മാണിയുമായി സഖ്യമുണ്ടാക്കാനുള്ള സി.പി.എം. നീക്കത്തെ പ്രസംഗത്തിലുടനീളം കാനം നിശിതമായി വിമര്‍ശിച്ചു. ഓനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു മാണിയെക്കുറിച്ച് ഇ.കെ. നായനാര്‍ നിയമസഭയില്‍ പറഞ്ഞ വാക്കുകള്‍ സി.പി.ഐ. സ്വീകരിക്കുന്നു. ഇടതുമുന്നണി വിട്ടവരെല്ലാം തിരിച്ചുവരണമെന്നാണു സി.പി.ഐയുടെ ആഗ്രഹം. എന്നാല്‍, വിട്ടുപോയവരുടെ പട്ടികയിലില്ലാത്ത ചിലര്‍ മുന്നണിയുടെ ഭാഗമാണെന്നു ചിലര്‍ പ്രചരിപ്പിക്കുന്നു. സി.പി.ഐ. ദുര്‍ബലമായെന്നാണു ചില സ്‌നേഹിതരുടെ പ്രചാരണം. ഇടത് ഐക്യത്തിനായി സി.പി.ഐ. ഇറങ്ങിവന്നശേഷമാണു പലര്‍ക്കും സെക്രട്ടേറിയറ്റ് കാണാന്‍ അവസരമുണ്ടായതെന്ന് ഓര്‍ക്കണം.

സി.പി.ഐയാണു ശരിയെന്നു ജനം ചിന്തിക്കുന്നു. അതില്‍ പരിഭവിച്ചിട്ടു കാര്യമില്ല. വേറേതെങ്കിലും ഗോളത്തില്‍നിന്നു വന്നു പറയുന്നതുപോലെ സി.പി.ഐക്കെതിരേ പറയാതിരിക്കുകയാണു നല്ലത്. ഇത്രനാളും കൂടെക്കഴിഞ്ഞിട്ടും ചാരിത്ര്യത്തില്‍ സംശയിക്കുന്നവരോട് എന്തു പറയാന്‍? നിക്ഷിപ്ത താത്പര്യങ്ങളാണ് ഇതിനു പിന്നില്‍. ഇടതുമുന്നണി ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുന്നില്ല. യു.ഡി.എഫില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അവരെ സഹായിക്കാനുള്ള ബാധ്യത എല്‍.ഡി.എഫിനില്ല- കാനം വ്യക്തമാക്കി.

Ads by Google
Ads by Google
TRENDING NOW