Monday, February 26, 2018 Last Updated 11 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 15 Feb 2018 01.44 AM

എ.ടി.എം പാസ്‌വേര്‍ഡ്‌ കൈക്കലാക്കി തട്ടിപ്പ്‌: അന്തര്‍ സംസ്‌ഥാന സംഘത്തിലെ ഒരാള്‍ പിടിയില്‍

uploads/news/2018/02/192456/c3.jpg

പന്തളം: എ.ടി.എം. കാര്‍ഡിന്റെ പിന്‍നമ്പര്‍, സി.സി.വി നമ്പര്‍, ഒറ്റത്തവണ പാസ്‌വേര്‍ഡ്‌ എന്നിവ കൈക്കലാക്കി തട്ടിപ്പു നടത്തുന്ന അന്തര്‍സംസ്‌ഥാന സംഘത്തിലെ പ്രധാന കണ്ണി പോലീസിന്റെ പിടിയില്‍. ഡല്‍ഹി ഉത്തംനഗറില്‍ താമസമാക്കിയ ഹിമാചല്‍ സ്വദേശി ആശിഷ്‌ ദിമാനെ(29) ആണ്‌ അടൂര്‍ ഡിവൈ.എസ്‌.പി: ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ്‌ സംഘം ആലുവയില്‍ നിന്ന്‌ പിടികൂടിയത്‌. പന്തളം സി.എം. ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോ. പ്രേം കൃഷ്‌ണന്റെ അക്കൗണ്ടില്‍നിന്ന്‌ 39,000 രൂപ തട്ടിയെടുത്തുവെന്ന പരാതിയെ തുടര്‍ന്ന്‌ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി വലയിലായത്‌.
കേരളത്തില്‍ നിന്ന്‌ ഡല്‍ഹിയിലെ സങ്കേതത്തിലേക്ക്‌ മടങ്ങാന്‍ തയാറെടുക്കുന്നതിന്റെ തലേന്നാണ്‌ ഇയാള്‍ പിടിയിലായത്‌. കഴിഞ്ഞ 11 നാണ്‌ ഡോക്‌ടറുടെ അക്കൗണ്ടില്‍ നിന്നും ആശിഷിന്റെ സംഘം പണം പിന്‍വലിച്ചത്‌. നിലവിലുള്ള എ.ടി.എം കാര്‍ഡിന്‌ പകരം മൈക്രോചിപ്പ്‌ ഘടിപ്പിച്ച കാര്‍ഡ്‌ നല്‍കാമെന്ന്‌ പറഞ്ഞായിരുന്നു തട്ടിപ്പ്‌. ഇടപാടിനാവശ്യമായ നമ്പരുകള്‍ മുഴുവന്‍ മനസിലാക്കിയ ശേഷം അത്‌ ഉപയോഗിച്ച്‌ പ്രതിയുടെ പേ ടി.എം വാലറ്റിലേക്ക്‌ പണം നിക്ഷേപിക്കുകയാണ്‌ ചെയ്‌തത്‌. പിന്നീട്‌ ഇത്‌ വാലറ്റില്‍ നിന്ന്‌ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ മാറ്റിയ ശേഷം പിന്‍വലിക്കും. ഡിസംബര്‍ 18 ന്‌ കേരളത്തിലെത്തിയ ആശിഷ്‌ ദിമാന്‍ ആലുവ ഫെഡറല്‍ ബാങ്ക്‌ ശാഖയില്‍ അക്കൗണ്ട്‌ തുറന്നിരുന്നു. തിരിച്ചറിയല്‍ രേഖകള്‍ മുഴുവന്‍ നല്‍കിയാണ്‌ അക്കൗണ്ട്‌ തുടങ്ങിയത്‌. ഡോ. പ്രേം കൃഷ്‌ണന്‌ വന്ന ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയപ്പോള്‍ ഇതുമായി ബന്ധപ്പെട്ട്‌ ആലുവ ഫെഡറല്‍ ബാങ്കില്‍ അക്കൗണ്ട്‌ ഉണ്ടെന്ന വിവരം ലഭിച്ചു.
ബാങ്ക്‌ മാനേജരുമായി സംസാരിച്ച്‌ അക്കൗണ്ട്‌ മരവിപ്പിക്കുകയാണ്‌ പോലീസ്‌ ആദ്യം ചെയ്‌തത്‌. പണമെടുക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇയാള്‍ ബാങ്കുമായി ബന്ധപ്പെട്ടു. അക്കൗണ്ടില്‍ ചെറിയ തിരുത്തലുകള്‍ വരുത്താനുണ്ടെന്നും അതു കൊണ്ടാണ്‌ പണമിടപാട്‌ നടക്കാത്തതെന്നും അധികൃതര്‍ അറിയിച്ചതോടെ ആശിഷ്‌ ബാങ്കിലെത്തി. ഇവിടെ വച്ചാണ്‌ ഇയാളെ പോലീസ്‌ കസ്‌റ്റഡിയില്‍ എടുത്തത്‌. ഇയാളുടെ അക്കൗണ്ടിലേക്ക്‌ ഒറ്റ മാസം കൊണ്ട്‌ അഞ്ചേ മുക്കാല്‍ ലക്ഷംരൂപ എത്തിയിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. ഇയാളെ കസ്‌റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ജില്ലാ പോലീസ്‌ മേധാവി ജേക്കബ്‌ ജോബിന്റെ നിര്‍ദേശപ്രകാരം നടന്ന അന്വേഷണത്തില്‍ എസ്‌.ഐ. രജീഷ്‌ കുമാര്‍, എസ്‌.പിയുടെ ഷാഡോ പോലീസ്‌ അംഗങ്ങളായ അജി സാമുവല്‍, രാധാകൃഷ്‌ണന്‍, സുനില്‍, രാജേന്ദ്രന്‍ പിള്ള എന്നിവരാണ്‌ പ്രതിയെ കുടുക്കിയത്‌.

Ads by Google
Thursday 15 Feb 2018 01.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW